തിരുവനന്തപുരം: മുന്നോക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്നവര്‍ വര്‍ഗീയവാദികളാണെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സംവരണ ആനുകൂല്യം നേടിയ പിന്നോക്കക്കാര്‍ ജീവിതനിലവാരം മെച്ചപ്പെടുത്തിയെന്നും വിജയരാഘവന്‍ പറഞ്ഞു. മാധ്യമം ദിപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ വര്‍ഗീയ നിലപാട് ആവര്‍ത്തിച്ചത്.

ജാതി അടിസ്ഥാനത്തില്‍ സംവരണം കൊടുക്കുന്നത് ഫലപ്രദമല്ലെന്നാണ് അഭിമുഖത്തില്‍ വിജരാഘവന്‍ പറയുന്നത്. സംവരണത്തിന്റെ അടിസ്ഥാന തത്വം തന്നെ തള്ളിക്കളയുന്ന തരത്തിലാണ് വിജയരാഘവന്‍ നിലപാട് വ്യക്തമാക്കിയത്. ജാതി മാത്രമല്ല പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം എന്നും വിജയരാഘവന്‍ പറയുന്നു.

അതേസമയം സാമ്പത്തിക പിന്നോക്കാവസ്ഥ എന്ന മാനദണ്ഡത്തില്‍ മുന്നോക്ക സമുദായക്കാരെ മാത്രം പരിഗണിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുണ്ടെന്നും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് എന്തുകൊണ്ട് ഈ ആനുകൂല്യം ലഭിക്കുന്നില്ല എന്നതിന് വിജയരാഘവന് മറുപടിയില്ല.