ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ക്രിക്കറ്റ് ജീവിതവും വ്യക്തി ജീവിതവും പറയുന്ന സിനിമ ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ‘ മെയ് 26-നാണ് റിലീസ് ആയത്. ചിത്രത്തില്‍ സച്ചിന്റെ വേഷത്തിലഭിനയിച്ചിരിക്കുന്നത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ്. അഭിനയിക്കാന്‍ താരം പണം വാങ്ങിയിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ക്കിടയിലാണ് വാങ്ങിയ പ്രതിഫലം എന്ന പേരില്‍ ഹിന്ദിമാധ്യമങ്ങളില്‍ ഒരു റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത്.

ജയിംസ് എറിക്‌സണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 35 കോടി മുതല്‍ 40 കോടി വരെ ചിത്രത്തിനുവേണ്ടി സച്ചിന്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ പ്രതിഫലത്തെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ ചര്‍ച്ച സജീവമായിക്കഴിഞ്ഞു.

എന്നാല്‍ പ്രതിഫലം വാങ്ങിക്കാതെയാണ് സച്ചിന്‍ സിനിമ ചെയ്തതെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും സച്ചിന്റെ വക്താവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.