ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് ഗര്‍ഭിണിയായിരിക്കെ ജയിലിലടച്ച ജാമിഅ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാര്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനെ ഏപ്രില്‍ 10നാണ് ഡല്‍ഹി പൊലീസ് സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ ജയിലിലടച്ചത്. ശക്തമായ നിയമപോരാട്ടത്തിനൊടുവില്‍ ജൂണ്‍ 23നാണ് സഫൂറക്ക് ഡെല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ വിങ് കണ്‍വീനറായിരുന്ന സഫൂറ ഡല്‍ഹിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. വിദ്യാര്‍ത്ഥിയെന്ന അവകാശം ഉപയോഗിച്ച് അവര്‍ പൗരത്വഭേദഗതി നിയമത്തിന്റെ മറവില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നും പൊലീസ് പറയുന്നു. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് സഫൂറയുടെ പേരില്‍ യുഎപിഎ ചുമത്തിയിരുന്നു.

ഗര്‍ഭിണിയായ സഫൂറയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ഡല്‍ഹി പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പൊലീസ് ആദ്യം സഫൂറക്ക് ജാമ്യം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.