ന്യൂഡല്‍ഹി: സര്‍വ്വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതല്‍ 28 ശതമാനം വരെ വര്‍ധിക്കും. ശമ്പള വര്‍ധന സംബന്ധിച്ച യുജിസിയുടെ ശിപാര്‍ശകള്‍ക്ക് ഈ മാസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കും. പുതിയ ശിപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം 10,396 രൂപ വര്‍ധിച്ച് 57,700 രൂപയാകും. അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് 56480ല്‍ നിന്നും 68,900 ആയും അസോസിയേറ്റ് പ്രൊഫസര്‍ക്ക് 23,662 രൂപ വര്‍ധിച്ച് 1,31,400 രൂപയായും വര്‍ധിക്കും. വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം നിലവിലെ 1,75,200ല്‍ നിന്നും 2,25,000 ആയാണ് വര്‍ധിക്കുക. ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ വക്താവ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയവയിലെ 8,00,000 ഓളം അധ്യാപകഅനധ്യാപക ജീവനക്കാരുടെ ശമ്പളമാണ് വര്‍ധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ശമ്പള ഘടനയാണുള്ളത്. എന്നാല്‍ രണ്ടു ശിപാര്‍ശകളും ഒരുമിച്ചാണ് സര്‍ക്കാര്‍ പരിഗണിക്കുകയെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി. പുതുക്കിയ ശമ്പള ഘടന പ്രകാരം മൂന്നുവര്‍ഷത്തേയ്ക്ക് 70,000 കോടി രൂപയാണ് സര്‍ക്കാരിന് അധികമായി വേണ്ടിവരിക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ തുക തുല്യമായി വഹിക്കും. കോളജ് അധ്യാപകരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിക്കുന്നതിന് യുജിസി അംഗം വി.എസ് ചൗഹാന്‍ തലവനായ സമിതിയെ കഴിഞ്ഞ വര്‍ഷമാണ് നിയോഗിച്ചത്. ഈ വര്‍ഷം ആദ്യം സമിതി ശിപാര്‍ശകള്‍ സമര്‍പ്പിച്ചു.
തുടര്‍ന്ന് ശിപാര്‍ശകള്‍ പരിശോധിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചിരുന്നു. 2006ലാണ് കോളജ് അധ്യാപകരുടെ ശമ്പള നിരക്കില്‍ അവസാനമായി വര്‍ധനവ് വരുത്തിയത്.