ജോധ്പുര്‍: മാന്‍ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനു വേണ്ടി ഹാജരാകരുതെന്ന് തനിക്കു ഭീഷണിക്കോളുകള്‍ ലഭിച്ചതായി അഭിഭാഷകന്‍. സല്‍മാന്റെ ജാമ്യഹര്‍ജിയില്‍ ഹാജരാവരുതെന്ന് എസ്.എം.എസ് വഴിയും ഇന്റര്‍നെറ്റ് കോള്‍ വഴിയും ഭീഷണി ലഭിച്ചതായി അഭിഭാഷകന്‍ മഹേഷ് ബോറ അറിയിച്ചു. ജോധ്പുര്‍ കോടതി സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.

അതേസമയം, സല്‍മാന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റുകയും ചെയ്തു. സല്‍മാനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 51 പേജുള്ള ജാമ്യപേക്ഷയാണ് സല്‍മാന് വേണ്ടി സമര്‍പ്പിച്ചത്. സല്‍മാനെതിരായവിചാരണ കോടതി വിധിയില്‍ നിരവധി പോരായ്മകളുണ്ടെന്ന് താരത്തിന്റെ അഭിഭാഷകന്‍ ഹാസ്തിമാല്‍ സാരസ്വത് ചൂണ്ടിക്കാട്ടി.

കേസില്‍ സല്‍മാനെതിരെ മൊഴി നല്‍കിയ ദൃക്‌സാക്ഷി പൂനംചന്ദ് ബിഷ്‌ണോയിയുടെ മൊഴിയില്‍ സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടക്കുമ്പോള്‍ രണ്ട് കിലോമീറ്റര്‍ അകലെയായിരുന്നു പൂനംചന്ദ്. പിന്നെങ്ങനെയാണ് അദ്ദേഹം ജിപ്‌സിയുടെ ശബ്ദം അദ്ദേഹം കേള്‍ക്കുക. കൃഷ്ണമൃഗത്തിന്റെ ജഡത്തിന്റെ ഡി.എന്‍.എ പരിശോധന ശരിയായി നടത്തിയില്ല. വെടിയേറ്റാണോ കൃഷ്ണമൃഗത്തിന്റെ ജീവന്‍ നഷ്ടമായത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയതോടെ സല്‍മാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടരുമെന്ന് ഉറപ്പായി.