ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നീക്കങ്ങളെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ വിജയിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ പ്രതീക്ഷ കോണ്‍ഗ്രസ് മാത്രമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് രംഗത്ത് വന്നയാളാണ് സനല്‍കുമാര്‍. ഇത് രാജ്യത്തിനു ഗുണകരമായ തീരുമാനമാണ് മോദി സര്‍ക്കാറിന്റേതെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഒരാള്‍പ്പൊക്കം, ഒഴിവ് ദിവസത്തെ കളി, സെക്‌സി ദുര്‍ഗ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സനല്‍കുമാര്‍ ശശിധരന്‍. അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് സെക്സി ദുര്‍ഗ.