പട്‌ന: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും മുന്‍ അധ്യക്ഷന്‍ ശരദ് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തതിന് പാര്‍ട്ടി എം.എല്‍.എ ഛോട്ടുഭായ് വാസവ, ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവ എന്നിവരെ പുറത്താക്കിയതിനെതിരെയും പട്ടേലിനെ അഭിനന്ദിച്ചും ശരദ് യാദവ് രംഗത്തെത്തി. പട്ടേലിനൊപ്പമിരിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. പ്രതിസന്ധികള്‍ മറികടന്ന് താങ്കള്‍ നേടിയ വിജയത്തിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍, മുന്നോട്ടുള്ള ജീവിതത്തില്‍ എല്ലാവിധ ആശംസകളും നേരുന്നു- ശരത് യാദവ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന ജെ.ഡി.യു കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്നായിരുന്നു പട്ടേലിന് വാസവ വോട്ട് ചെയ്തത്. പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയം കോണ്‍ഗ്രസിന് നേടിക്കൊടുത്തത് ബിഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു എം.എല്‍.എയുടെ ഈ വോട്ടാണ്. ബിഹാറിലെ വിശാലസഖ്യത്തില്‍ നിന്നു പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപവത്കരിച്ചതോടെയാണ് നിതീഷ് കുമാര്‍-ശരത് യാദവ് ബന്ധം വഷളായത്. നേരത്തെ നോട്ട് റദ്ദാക്കലിനെയും ജി.എസ്.ടിയെയും പരസ്യമായി പിന്തുണച്ച് നിതീഷ് രംഗത്തെത്തിയത് ശരത് യാദവിനെ ചൊടിപ്പിച്ചിരുന്നു. ശരത് യാദവവുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ് വാസവയും ശ്രീവാസ്തവയും. പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത ശേഷം ഇരു നേതാക്കളെയും പിന്തുണച്ച് രാജ്യസഭാഗം കൂടിയായ ശരത്‌യാദവ് രംഗത്തുവന്നത് ജെ.ഡി.യുവില്‍ ആഭ്യന്തര കലഹം രൂക്ഷമായതിന്റെ സൂചനകളാണ്. ഇന്നു മുതല്‍ ബിഹാറില്‍ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന പൊതുപരിപാടികള്‍ ശരത് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് നിതീഷ് പക്ഷത്തിന്റെ നിലപാട്. ജെ.ഡി.യു ദേശീയ കണ്‍വെന്‍ഷന്‍ ഈമാസം 18, 19 തിയതികളില്‍ പട്‌നയില്‍ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി നിതീഷിന്റെ തീരുമാനത്തോട് വിയോജിപ്പുള്ളവരെ ഒരുമിപ്പിക്കാനാണ് ശരത് യാദവ് ശ്രമിക്കുന്നത്. അതേസമയം ദേശീയ കണ്‍വെന്‍ഷനില്‍ ഇരു നേതാക്കളും പങ്കെടുക്കുമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ജെ.ഡി.യു ജന.സെക്രട്ടറി കെ.സി ത്യാഗി വ്യക്തമാക്കി.

gujarat-rajya-sabha-election-graphic_650x640_51502260193