ന്യൂഡല്‍ഹി: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സാനിയ മിര്‍സക്ക് ഫ്രഞ്ച് ഓപണ്‍ ടൂര്‍ണമെന്റും നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് ഒക്ടബോടര്‍ മുതല്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സാനിയക്ക് 100 ശതമാനം കായിക ക്ഷമത വീണ്ടെടുക്കാന്‍ എത്ര സമയം കൂടി വേണ്ടി വരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മെയ് 27ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപണില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് താരം ഇപ്പോള്‍ ആലോചിക്കുന്നു പോലുമില്ലെന്നാണ് സാനിയയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും മുക്തമായി വരുന്നതേയുള്ളൂ. ഇനിയും ഒന്ന് രണ്ട് മാസം കൂടി ഇതിന് വേണ്ടി വരും. കാലിലെ പരിക്കുമായി ഏതാനും വര്‍ഷങ്ങളായി താന്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നില വഷളായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്കു വിധേയമാകേണ്ടി വന്നത്. അതിനാല്‍ തന്നെ പൂര്‍ണമായും മുക്തമാകുന്നതു വരെ കാത്തിരിക്കാന്‍ തന്നെയാണ് തീരുമാനം സാനിയ പറഞ്ഞു.