മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണത്തെ അപലപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പൊലീസുകാര്‍ രാഹുല്‍ ഗാന്ധിയോട് പെരുമാറിയ രീതി പ്രതിഷേധാര്‍ഹമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ കൂട്ടക്കൊലയാണ് അദ്ദേഹം പറഞ്ഞു.

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിന്നും കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞെങ്കിലും ഇരുവരും പദയാത്ര ആരംഭിക്കുകയായിരുന്നു.

വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. രാഹുല്‍ ഗാന്ധിയെ പൊലീസ് നിലത്തേക്ക് തള്ളിയിട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ രാജ്യത്താകമാനം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നിരവധി പ്രമുഖ നേതാക്കളാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.