തൃശൂര്‍: സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍.
പ്രദേശവാസികളായ നന്ദനന്‍, മറുണ്‍, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കുറച്ച് പേര്‍ ചേര്‍ന്നാണ് ആക്രമണം. ഇവരെ പ്രതി ചേര്‍ത്താണ് പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കുന്നംകുളം എസിപി ടിഎസ് സിനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നത്. സംഭവം നടന്ന സമയം മുതല്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശ്ശേരി പേരാലില്‍ പരേതനായ ഉണ്ണിയുടെ മകന്‍ സനൂപ് (26) ആണ് കുത്തേറ്റ് മരിച്ചത്. കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍ ചിറ്റിലങ്ങാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സനൂപിനെയും സുഹൃത്തുക്കളെയും കുറച്ച് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തുക്കളായ അഞ്ഞൂര്‍ സ്വദേശികളായ വിപിന്‍ എന്ന വിപുട്ടന്‍, വിപിന്‍, മരത്തംകോട് സ്വദേശി അഭിജിത്ത് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. മിഥുന്‍ എന്ന സുഹൃത്തിനെ വീട്ടിലെത്തിക്കുന്നതിനാണ് സനൂപും സുഹൃത്തുക്കും എയ്യാല്‍ ചിറ്റിലങ്ങാടെത്തിയത്. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.