കൊച്ചി: തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതി സരിത എസ്. നായര്‍ക്ക് കുരുക്കായി ശബ്ദരേഖ. ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്ക് ജോലി നല്‍കിയെന്ന് പരാതിക്കാരനുമായുള്ള സംഭാഷണത്തില്‍ സരിത പറയുന്നു. പിന്‍വാതില്‍ നിയമനത്തിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കെന്നും സരിതയുടെ ശബ്ദരേഖ.

ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും ജോലിവാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടുപേരില്‍നിന്ന് പണം തട്ടിയെടുത്തു എന്നാണ് സരിതയ്ക്ക് എതിരെയുള്ള കേസ്. ജോലി മാത്രമല്ല, വ്യാജ നിയമന ഉത്തരവും പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു. പിന്‍വാതില്‍ നിയമനം ആണെങ്കിലും ജോലി ഉറപ്പായും ലഭിക്കുമെന്ന് പണം വാങ്ങുന്നതിന് മുമ്പ് പരാതിക്കാരെ ബോധ്യപ്പെടുത്തുന്നതാണ് ശബ്ദരേഖ.