X

ശശീന്ദ്രന്റെ ഫോണ്‍ വിവാദം: ചാനല്‍ മേധാവിയും സംഘവും കീഴടങ്ങി; ഫോണും ലാപ്പും മോഷണം പോയെന്ന്

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിയൊരുക്കിയ ഫോണ്‍ വിവാദത്തില്‍, ചാനല്‍ മേധാവി അജിത്ത് കുമാറും സംഘവും പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നു രാവിലെയാണ് അജിത്ത്കുമാര്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ഇവരെ അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. ഫോണ്‍ വിവാദത്തില്‍ ചാനല്‍ അധികൃതര്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെ ഹാജരാകാന്‍ കോടതി നോട്ടീസയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.

അതിനിടെ, തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷണം പോയതായി കാണിച്ച് അജിത്ത് കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ ചാനലിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സീല്‍ ചെയ്‌തെടുത്ത കമ്പ്യൂട്ടറുകളും മറ്റു രേഖകളും ഇന്ന് ഫോറന്‍സിക് പരിശോധനക്കായി അയക്കും. ചാനലില്‍ നിന്ന് രാജിവെച്ച രണ്ടു മാധ്യമപ്രവര്‍ത്തകരുടെയും മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെയും മൊഴികള്‍ ഇന്നു രേഖപ്പെടുത്തും.
ലോഞ്ചിങിന്റെ ഭാഗമായാണ് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍, പരാതിയുമായെത്തിയ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന വാര്‍ത്ത ചാനല്‍ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് മന്ത്രി രാജിവെച്ചിരുന്നു. വാര്‍ത്തക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണത്തിനു പിന്നാലെ പൊലീസ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടത്.

chandrika: