ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പാട്യാല കോടതിയിലാണ് തരൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാളെ രാവിലെ പത്തു മണിക്ക് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

തന്നെ അറസ്റ്റു ചെയ്യാതെ ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് തരൂരിന്റെ വാദം.

2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്.