റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് മാസത്തില്‍ പുനരാരംഭിക്കാന്‍ തയാറാണെന്ന് അറിയിച്ച് സഊദി എയര്‍ലൈന്‍സ്. സഊദി എയര്‍ലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഖാലിദ് ബിന്‍ അബ്ദല്‍ ഖാദറാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. മെയ് 17 മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുക്കമാണെന്നാണ് അറിയിച്ചത്. മെയ് 17ന് മുമ്പ് വിലക്ക് നീക്കുമെന്ന് സഊദി കോവിഡ് പ്രതിരോധ സമിതി സെക്രട്ടറി ഡോ. തലാല്‍ അല്‍ തുവൈജിരിയും അറിയിച്ചു.

‘നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ’ എന്ന് ചോദിച്ചുകൊണ്ടുള്ള സന്ദേശം കഴിഞ്ഞ ദിവസം എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തിരുന്നു. ഇത് വൈറലായി. ഇതിന്റെ ചുവടുപിടിച്ചുയര്‍ന്ന സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ടാണ് ഖാലിദ് ബിന്‍ അബ്ദുല്‍ ഖാദിര്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരുക്കം തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15നാണ് സഊദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസ് നിര്‍ത്തിവെച്ചത്.