ജിദ്ദ: രാജ്യത്തെ പ്രവാസികള്‍ അടക്കം എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന ചരിത്ര പ്രഖ്യാപനവുമായി സൗദി അറേബ്യ. അടുത്ത വര്‍ഷം അവസാനത്തോടെ എഴുപത് ശതമാനം പേര്‍ക്കും വാക്‌സിന്‍ കുത്തിവയ്ക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

‘സൗദി അറേബ്യയിലെ എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കും. 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ കുത്തിവയ്ക്കാനാകും എന്നാണ് പ്രതീക്ഷ’ – ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷന്‍ ചാനലായ അല്‍ ഇഖ്തിബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഉപയോഗിക്കുന്ന ഏതു വാക്‌സിനും സുരക്ഷിതവും അംഗീകൃതവുമാണ് എന്ന് ഉറപ്പുവരുത്തുമെന്ന് നേരത്തെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം വക്താവ് മുഹമ്മദ് അബ്ദലലി വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് ഇതുവരെ 355,489 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 343,816 പേര്‍ രോഗമുക്തരായി. 5,796 പേരാണ് മരണത്തിന് കീഴടങ്ങിയത്. കോവിഡിനെ ചെറുക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന രാജ്യമാണ് സൗദി.