മക്ക: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനവും വിശുദ്ധ ഹറമുകളിലേക്കുള്ള സന്ദര്‍ശനവും ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ കാര്യമന്ത്രാലയം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇത് സാധ്യമാക്കുന്നതിനായുള്ള മൂന്നു ഘട്ട പദ്ധതികള്‍ തയാറാക്കുമെന്ന് ചുമതലയുള്ള മന്ത്രി മുഹമ്മദ് സാലിഹ് ബിന്‍തിന്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ സഊദി പൗരന്മാര്‍ക്കും സഊദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും തീര്‍ഥാടനത്തിന് അനുമതി നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, നേരത്തെ അനുവദിച്ചിരുന്നതിന്റെ 40% ആളുകളെ മാത്രം ഉള്‍കൊള്ളിച്ചായിരിക്കും തീര്‍ഥാടനം നടത്താനാവുക. രണ്ടാംഘട്ടത്തില്‍ ഇത് 75 ശതമാനമായി ഉയര്‍ത്തും. മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ പഴയ പടിയാവും. ഈ ഘട്ടത്തില്‍ നിന്ന് മാത്രമേ പുറം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തീര്‍ഥാടനത്തിനായി സഊദിയിലേക്ക് പ്രവേശിക്കാനാവു. എന്നാല്‍ മൂന്നു ഘട്ടങ്ങളിലും കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിനായി 30 ഓളം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളാണുള്ളത്. ഇവര്‍ക്കെല്ലാം ഇലക്ട്രോണിക്ക് സേവനം വഴി തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനമൊരുക്കാന്‍ സാധിക്കുമെന്നും ബെന്‍തിന്‍ പറഞ്ഞു.