ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി ഫോണ്‍ മോഷ്ടിച്ച വിദ്യാര്‍ത്ഥിക്ക് പുതിയ ഫോണ്‍വാങ്ങി നില്‍കി പൊലീസ്. ചെന്നെയിലാണ് സംഭവം. കോര്‍പ്പറേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അയല്‍വാസികളായ രണ്ടുപേര്‍ക്കൊപ്പം ഫോണ്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ടത്.

വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ബിസ്‌ക്കറ്റ് കമ്പനിയിലും അമ്മ വീട്ടുജോലിക്കാരിയുമാണ്. ഇവര്‍ക്ക് മകന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാനുള്ള സാമ്പത്തികാവസ്ഥയില്ലായിരുന്നു. ഇതിനാലാണ് പതിമൂന്നുകാരന്‍ അയല്‍വാസികള്‍ക്കൊപ്പം ചേര്‍ന്ന് ഫോണ്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ടത്. ചെന്നൈയിലെ തിരുവട്ടിയൂരിലെത്തി ഒരു ട്രക്ക് ഡ്രൈവറുടെ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവരെ ആളുകള്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെയാണ് തിരുവട്ടിയൂര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ഭുവനേശ്വരി വിദ്യാര്‍ത്ഥിയില്‍ നിന്ന് മോഷണത്തിന്റെ കാര്യങ്ങളറിയുന്നത്. തുടര്‍ന്ന് ക്ലാസുകള്‍ക്കായി ഒരു ഫോണ്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഇന്‍സ്‌പെക്ടര്‍ നീക്കിവച്ച പണമാണ് പുതിയ ഫോണ്‍ വാങ്ങാന്‍ അവര്‍ ഉപയോഗിച്ചത്. മകള്‍ക്ക് ഇനിയും വാങ്ങി നല്‍കാമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ തീരുമാനം.

ഇത് എന്റെ ഭാഗത്തു നിന്നുള്ള ഒരു ചെറിയൊരു സമ്മാനമാണ്. വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ ജീവിതം തലകീഴായി മാറ്റുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കുട്ടിയെ ഒരു മുന്നറിയിപ്പോടെ വിട്ടയക്കുകയായിരുന്നു.

അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള വിദ്യാര്‍ത്ഥികളുടെ ഹാജര്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നതിന് സ്‌കൂളുകള്‍ ഉപയോഗിക്കില്ലെന്ന് തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.