Connect with us

GULF

സഊദി തൊഴിൽ വിസ: വിരലടയാളം വേണമെന്ന നിബന്ധന ഒരു മാസത്തേക്ക് നീട്ടി

വിസിറ്റിംഗ് വിസക്കാർക്ക് ഇന്ന് മുതൽ നിയമം ബാധകം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിലേക്ക് തൊഴിൽ വിസയടിക്കാൻ നൽകിയവർക്ക് ഒരു മാസത്തേക്ക് താൽക്കാലിക ആശ്വാസം. തൊഴിൽ വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ ആദ്യം വിരലടയാളം നൽകി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന തീരുമാനം നടപ്പിലാക്കുന്നത് ജൂൺ 28 വരെ നീട്ടിവെച്ചു. അതേസമയം വിസിറ്റിംഗ് വിസക്കാർക്ക് നീട്ടിയ ഈ ആനുകൂല്യം ലഭിക്കില്ല. വിസിറ്റിംഗ് വിസക്ക് അപേക്ഷിച്ചവർ സ്റ്റാമ്പിങ്ങിന് മുമ്പായി വിരലടയാളം നിർബന്ധമായും പൂർത്തിയാക്കണമെന്നും മുംബൈയിലെ സഊദി കോൺസുലേറ്റ് അറിയിച്ചു. ഇന്ന് മുതൽ വിരലടയാളം നൽകാത്തവർക്ക് തൊഴിൽ വിസയുൾപ്പടെ സ്റ്റാമ്പ് ചെയ്തു നൽകില്ലെന്നായിരുന്നു നേരത്തെ കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നത്.

എന്നാൽ സന്ദർശക വിസക്കാർ നിർബന്ധമായും വി എഫ് എസ് കേന്ദ്രങ്ങളിലെത്തി ഈ നടപടികൾ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ വിസ സ്റ്റാമ്പ് ചെയ്തു നൽകുകയുള്ളൂവെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

ഇനിയൊരു മാസം കഴിഞ്ഞായാലും ഈ നിബന്ധന നടപ്പിലാകുന്നതോടെ സഊദിയിലേക്ക് തൊഴിൽ തേടി പോകുന്നവർ വിസയടിക്കാൻ ഏറെ പ്രയാസം നേരിടേണ്ടി വരും. രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും ഓരോ വി എഫ് എസ് സെന്റർ മാത്രമാണ് നിലവിലുള്ളതെന്നിരിക്കെ ആ സംസ്ഥാനത്തുള്ള ആയിരങ്ങൾ ഈയൊരു സെന്ററിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് നിലവിൽ വി എഫ് എസ് സെന്റർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നാണ് സഊദിയിലേക്ക് കൂടുതൽ പേർ തൊഴിൽ തേടി പോകുന്നത് എന്നത് കൊണ്ട് തന്നെ വി എഫ് എസ് സെന്ററിന്റെ ശാഖകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കണമെന്നാണ് പ്രവാസികൾ ഉൾപ്പെടെയുളളവരുടെ ആവശ്യം. അല്ലാത്ത പക്ഷം സഊദിയെ തേടിപോകുന്നവർ കനത്ത പ്രതിസന്ധിയിലാകും.

രാജ്യത്തേക്ക് വിസയടിക്കുന്നതിന് മുമ്പായി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള ആലോചന സഊദി തുടങ്ങിയിട്ട് വർഷങ്ങളായി. ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. നിലവിൽ വിസയുമായി സഊദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന മുറക്കാണ് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നത്. ഇതുമൂലം വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കും ചെറിയൊരു കാലതാമസം നേരിടുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കി യാത്രക്കാർക്ക് നിമിഷങ്ങൾക്കകം നടപടികള പൂർത്തിയാക്കി രാജ്യത്തിറങ്ങാനുള്ള പദ്ധതി കൂടിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു . അതോടൊപ്പം ഓരോ രാജ്യത്തെയും പൗരന്മാരുടെ വിരലടയാളം അതാത് രാജ്യത്ത് വെച്ച് തന്നെ ശേഖരിക്കുന്നതോടെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിസ നൽകുന്നത് തടയാൻ സാധിക്കുമെന്നതാണ് ഇതുമൂലമുള്ള നേട്ടമായി വിലയിരുത്തിയിരുന്നത് .

GULF

ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം

Published

on

ദുബൈ: ദുബൈ കെഎംസിസി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഓരോരുത്തരുടെയും ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.

അബ്ദുല്ലത്തീഫ് പനമണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി അന്‍വരി റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, ജംഷാദ് വടക്കേതില്‍, ഇബ്രാഹിം ചളവറ, നജീബ് തെയ്യാലിക്കല്‍, ബാസിത്, അന്‍വറുള്ള ഹുദവി, ജലീല്‍ ചെര്‍പ്പുളശ്ശേരി ആശംസ നേര്‍ന്നു. യൂസഫ് മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഷഫീഖ് മഠത്തിപ്പറമ്പ് സ്വാഗതവും ജാബിര്‍ വാഫി നന്ദിയും പറഞ്ഞു.

Continue Reading

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

FOREIGN

മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി വയോധികയായ ഒരുമ്മ

റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

Published

on

പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരുമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ഉമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

Continue Reading

Trending