ബഹ്‌റൈന്‍: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആത്മസുഹൃത്തിനെ ബഹ്‌റൈനില്‍ വെച്ച് കണ്ടുമുട്ടാനായതിന്റെ സന്തോഷം പങ്കുവെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ശിഹാബ് തങ്ങളുടെ സുഹൃത്തായിരുന്ന ശുഹൈബ് നഗ്രാമിയുമായുള്ള കൂടിക്കാഴ്ചയാണ് തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത്‌ ശുഹൈബ്‌ നഗ്രാമി…
എന്റെ ഉപ്പാക്ക്‌ ഒരുപാട്‌ സുഹ്രുത്തുക്കൾ ഉണ്ടായിരുന്നു.ഉപ്പയെ ഇത്രയധികം സ്നേഹിച്ച മറ്റൊരു മനുഷ്യൻ ഉണ്ടോ എന്ന് പലപ്പോഴും ഞാൻ അത്ഭുതപ്പെടാറുണ്ട്‌. ഇന്ന് രാവിലെ ബഹറൈനിൽ വെച്ച്‌ വീണ്ടും കണ്ടപ്പോൾ ബാപ്പയുടെ ഓർമ്മകളിൽ അദ്ദേഹം വാചാലനായി.പിന്നീട്‌ ഒരു വിതുമ്പലിൽ വാക്കുകൾ മുറിഞ്ഞു പോയി. കെ.എം.ഷാജിയോടും കൂടെയുള്ള കെ.എം.സി.സി നേതാക്കളോടും ഒന്നു മാത്രമേ പറഞ്ഞുള്ളൂ. ശിഹാബിനു വേണ്ടി പ്രാർത്ഥിക്കണം,അദ്ദേഹത്തിന്റെ മഗ്ഫിറത്തിനു വേണ്ടി. എല്ലാവരോടുമായി വീണ്ടും പറഞ്ഞു, മുനവർ മേരാ ബേട്ടാ ഹെ,ഉസ്കോ ഖയാൽ രഘ്നാ..
ആ വാക്കു സത്യത്തിൽ ആകാശവും ഭൂമിയും ഉൾക്കൊള്ളുന്ന പ്രപഞ്ചം മുഴുവനും തന്റെ കൂടെയുണ്ടെന്ന ആത്മ ധൈര്യം കിട്ടുന്ന ഒന്നായിരുന്നു.ആ സ്നേഹം എത്ര സത്യ സന്ധ്യമായിരുന്നു എന്നതിനു ഏറ്റവും വലിയ തെളിവായിരുന്നു.