ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിന് പുതിയ ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പിലാണ് പുതിയ ഫീച്ചര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഉപഭോക്താക്കളെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ സിം ബൈന്‍ഡിങ് എന്ന സാങ്കേതികവിദ്യയാണ് എസ്ബിഐ അവതരിപ്പിച്ചത്.യോനോ ലൈറ്റ് ആപ്പിലെ ഈ ഫീച്ചര്‍ വഴി ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് എസ്ബിഐ പറയുന്നു. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് മാത്രമാണ് ഇടപാട് നടത്താന്‍ സാധിക്കുക. വണ്‍ ടൈം ഓതന്റിക്കേഷന്‍ സംവിധാനം ഉപയോഗിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഇതുവഴി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നത് ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പ്രധാനമായി കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യുന്നതോടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.ഇത് വണ്‍ ടൈം പ്രക്രിയയാണ്. സംശയകരമായ ഇടപാടുകളെ ട്രാക്ക് ചെയ്ത് തട്ടിപ്പ് തടയാന്‍ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

യോനോ ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം:

പ്ലേസ്റ്റോറില്‍ നിന്ന് പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

രജിസ്‌ട്രേഷന് ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക

വെരിഫിക്കേഷന് എസ്എംഎസ് ലഭിക്കും

തുടര്‍നടപടികളുമായി മുന്നോട്ടുപോകുക

ആക്ടിവേഷന്‍ കോഡ് നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്