കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോട് ഇടതുപക്ഷം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ‘സമരവ്യൂഹം’ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് കോഴിക്കോടും മറ്റ് മലബാര്‍ ജില്ലകളിലും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അവസരമില്ലാതെ പുറത്താണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയില്‍ മലബാറിന്റെ പിന്നാക്കാവസ്ഥയില്‍ ഒന്നാം പ്രതി ഇടത്പക്ഷമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:പി.കെ ഫിറോസ് പറഞ്ഞു. കാലാകാലങ്ങളിലായി വരുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഈ അപര്യാപ്തത പരിഹരിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു അധിക ബാച്ച് പോലും അനുവദിക്കാത്തത് ഇതിന്റെ അവസാന ഉദാഹരണമാണ്. ഇതിനെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യുവജനങ്ങളുടെയും ശക്തമായ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സമിതിയംഗം സാജിദ് നടുവണ്ണൂര്‍, എം എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.എം ഫവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, മുസ്‌ലിം ലീഗ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഒകെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ജാസിം കെ.ടി, ഷാക്കിര്‍ പറയില്‍,ഷമീര്‍ പാഴൂര്‍,സഫീര്‍ മണിയൂര്‍,മുഹാദ് ഒളവണ്ണ,അല്‍ത്താഫ് പനങ്ങാട്, റാഷിദ് സബാന്‍, ജുനൈദ് പെരിങ്ങളം,ദില്‍ഷാദ് കുന്നിക്കല്‍, അസീല്‍ മുഹുദ്ദിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ റഷാദ് വി എം സ്വാഗതവും അജ്മല്‍ കൂനഞ്ചേരി നന്ദിയും പറഞ്ഞു.