ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് ഇറക്കി. ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കാനാണ് നിര്‍ദേശം.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതിനായുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കുപ്പിവെള്ളത്തിനും പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ക്കും എം.ആര്‍.പിയും ചായയും കാപ്പിയും 10 രൂപക്കും നല്‍കാനുമാണ് നിര്‍ദേശം. വിമാനത്താവളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. എന്നാല്‍ കൊച്ചി, ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാല്‍ ഈ വിമാനത്താവളങ്ങളില്‍ ഉത്തരവ് ബാധകമല്ല. ചെന്നൈ, ഷിംല, പൂനെ വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ തന്നെ ചുരുങ്ങിയ വിലക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കാനുള്ള കൗണ്ടര്‍ തുറന്നു കഴിഞ്ഞു.

എയര്‍പോര്‍ട്ട് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വക്താവ് അറിയിച്ചു. ചായ, കാപ്പി, വെള്ളം മാത്രമല്ല, എല്ലാ ആഹാര സാധനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ ചായക്ക് 50 രൂപ ഈടാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഗുവാഹത്തിയും കൊല്‍ക്കത്തയിലും ഇത്തരത്തിലുള്ള പരാതി മുന്‍പും ഉയര്‍ന്നിരുന്നു. തിരക്കേറിയ എയര്‍പോര്‍ട്ടിലാണ് അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നത്. യാത്രക്കാരില്‍ നിന്നും വെള്ളത്തിനും കോളയ്ക്കും അമിതവില ഈടാക്കുന്ന റസ്‌റ്റോറന്റ് ഉടമകള്‍ക്ക് മഹാരാഷ്ട്ര, തെലങ്കാന സര്‍ക്കാരുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചെന്നൈ, സിംല, പൂനെ എയര്‍പോര്‍ട്ടുകളില്‍ ന്യായവിലക്ക് ആഹാരസാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതോറിറ്റി വക്താവ് പറഞ്ഞു.