മോസ്‌കോ: ഡോഗ് ഫൈറ്റ് പരിശീലത്തിനിടെ അബദ്ധത്തില്‍ സ്വന്തം പോര്‍വിമാനം റഷ്യ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. റഷ്യയുടെ സുഖോയ് പോര്‍വിമാനം തകര്‍ന്നു വീണുവെന്നാണ് പുറത്ത് വന്ന വാര്‍ത്ത. സൈനികാഭ്യാസത്തിനിടെ റഷ്യന്‍ പോര്‍വിമാനത്തെ ആകസ്മികമായി ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു. പോര്‍വിമാനത്തില്‍ ഘടിപ്പിച്ച തോക്കില്‍ നിന്നാണ് ആക്രമണം നടന്നത്. പോര്‍വിമാനത്തിലെ തോക്ക് ലോഡാണെന്ന കാര്യം പൈലറ്റിന് അറിയില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൊവ്വാഴ്ച മോസ്‌കോയുടെ വടക്കുകിഴക്കന്‍ ടവര്‍ മേഖലയിലെ കുവ്ഷിന്‍സ്‌കി ജില്ലയിലാണ് സൈനികാഭ്യാസം നടന്നത്. റഷ്യന്‍ വ്യോമസേനയുടെ സുഖോയ്30 ആണ് വെടിവച്ചിട്ടത്. സൈനിക പരിശീലനത്തിനിടെ വിമാനം വനമേഖലയിലാണ് തകര്‍ന്നു വീണത്. എന്നാല്‍, വെടിയേറ്റ് തകര്‍ന്ന വിമാനത്തില്‍ നിന്ന് പൈലറ്റ് സുരക്ഷിതമായി ഇറങ്ങി. ഡിസിമിലര്‍ എയര്‍ കോംബാറ്റ് ട്രെയിനിങ് എക്‌സര്‍സൈസ് (ഡിഎസിടി) സമയത്ത് സു 35 പോര്‍വിമാനത്തിന്റെ പൈലറ്റാണ് അബദ്ധത്തില്‍ സു 30 എസ്എം വെടിവച്ചിട്ടത്.