ആലപ്പുഴ: പുകപരിശോധനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസം മുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും.വാഹനങ്ങളിലെ പുകപരിശോധന പതിവുപോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരും. ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ബി.എസ്. ഫോര്‍ വാഹനങ്ങള്‍ക്ക് ഒരുവര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് തര്‍ക്കത്തിനുകാരണം.2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിന് ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. എന്നാല്‍, 2017നു മുന്‍പും ബി.എസ്. ഫോര്‍ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.

വാഹനം ബി.എസ്. ഫോര്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാഹന ഡീലര്‍മാരില്‍നിന്ന് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധനസമയത്ത് കാണിച്ചാല്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കണം.പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നേരിട്ട് മോട്ടോര്‍വാഹനവകുപ്പിന്റെ കൈകളിലാകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു.