india

കഞ്ചിക്കോട് സർക്കാർ സ്‌കൂളില്‍ എസ്എഫ്ഐ – എബിവിപി സംഘർഷം; 4 പേർക്ക് പരിക്ക്

By webdesk13

December 20, 2023

കഞ്ചിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. 2 എബിവിപി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റ വിദ്യാര്‍ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പരീക്ഷയ്ക്ക് കയറുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

നേരത്തെ തന്നെ ഇരു സംഘടനകളും തമ്മില്‍ വിവിധ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. ഇന്ന് പരീക്ഷയ്ക്ക് കയറുന്നതിന് മുമ്പ് ആദ്യം വാക്കേറ്റമുണ്ടാവുകയായിരുന്നു. അധ്യാപകരെത്തി പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു. ഇതില്‍ ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്റെ തലയ്ക്കും മറ്റൊരാളുടെ കൈയ്ക്കും പരിക്കേറ്റു.