തിരുവനന്തപുരം: പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ്. അയ്യായിരം പൊലീസുകാരെയാണ് തീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ വിന്യസിക്കുക. മേല്‍നോട്ടത്തിനായി കൂടുതല്‍ എഡിജിപിമാരും ഐജിമാരും സ്ഥലത്തുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായാണ് അയ്യായിരം പൊലീസുകാരെ വിന്യസിക്കുക. എഡിജിപി എസ് ആനന്ദകൃഷ്ണന്‍ വിന്യാസത്തിനു മേല്‍നോട്ടം വഹിക്കും. എഡിജിപി അനില്‍ കാന്തിനും ഐജി മനോജ് എബ്രഹാമിനുമാണ് മേല്‍നോട്ടച്ചുമതല. രണ്ട് ഐജിമാരും എട്ട് എസ് എസ്പിമാരും ശബരിമലയിലുണ്ടാവും. നേരത്തെ, സുപ്രീംകോടതിവിധി പ്രകാരം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇത് മറികടക്കാനാണ് സര്‍ക്കാരിന്റെ നീക്കം.