കണ്ണൂര്‍: തലശ്ശേരി കതിരൂര്‍ പൊന്ന്യത്ത് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റ സിപിഎമ്മുകാരെ രക്ഷിക്കാന്‍ എഎന്‍ ഷംസീര്‍ എംഎല്‍എ ഇടപെടുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് ഷംസീര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ബോംബ് നിര്‍മ്മാണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അശ്വന്തിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഷംസീര്‍ കേസ് അന്വേഷിക്കുന്ന സിഐ എം. അനില്‍ കുമാറിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ മൂന്നാം പ്രതിയാണ് അശ്വന്ത്. നസീര്‍ വധശ്രമക്കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സിപിഎം നേതാവ് കൂടിയാണ് ഷംസീര്‍. അശ്വന്ത് വഴി മറ്റു പല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പുറത്താകുമോ എന്ന ഭയമാണ് എംഎല്‍എയെ കേസില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അന്വേഷണ സംഘം അശ്വന്തിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭീഷണി ഫോണ്‍ കോള്‍ എത്തിയത്. അശ്വന്തിനെ കസ്റ്റഡിയില്‍ എടുത്തതില്‍ ക്ഷുഭിതനായാണ് എ.എന്‍ ഷംസീര്‍ എംഎല്‍എ സി.ഐയോട് സംസാരിച്ചത്. അശ്വന്തിനെ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് ചോദിച്ച ഷംസീര്‍ ഇങ്ങനെ അറസ്റ്റ് ചെയ്യാമെങ്കില്‍ കാണാമെന്നും ഭീഷണിപ്പെടുത്തി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് സിഐ മറുപടി നല്‍കി. എ.എന്‍ ഷംസീര്‍ എംഎല്‍എയുമായി അടുത്ത ബന്ധം ഉള്ളയാളാണ് അശ്വന്ത്. അശ്വന്തിന്റെ അറസ്റ്റ് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. പരിക്ക് പറ്റിയ സിപിഎം അഴിയൂര്‍ കല്ലോറ ബ്രാഞ്ച് കമ്മിറ്റി അംഗം രമ്യ നിവാസില്‍ എം റമീഷ്, അഴിയൂരിലെ കെ.ഒ ഹൗസില്‍ ധീരജ്, കതിരൂരിലെ സജിലേഷ് എന്ന സജൂട്ടി എന്നിവരുടെ അറസ്റ്റ് അപകടനില തരണം ചെയ്തതിന് ശേഷം രേഖപ്പെടുത്തും.