X

ഷാൻ വധകേസ്; കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ വാദം തുടരും

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ വാദം തുടരും. ഈ മാസം 13 ന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി 3 കേസും പരിഗണിക്കും. പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവാത്തതിനെ തുടർന്നാണ് നേരത്തെ വാദം മാറ്റിയത്.

ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയാണ് അന്വഷണം നടത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറാണെന്നും ഡിവൈഎസ്പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് പ്രതികൾ ഉന്നയിക്കുന്ന വാദം. കുറ്റപത്രം മടക്കി നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രതികൾക്കായി അഡ്വ. ശാസ്തമംഗലം അജിത്ത് കോടതിയിൽ ഹാജരായി. ഈ ഹർജി തീർപ്പാക്കിയ ശേഷം മാത്രമെ കേസിൽ വാദം തുടങ്ങാനാകു.

ഷാൻ വധകേസിൽ ആദ്യം പിടിയിലായ 9 പേരുടെയും പിന്നീട് പിടിയിലായ 2 പേരുടേയും വിചാരണ ഒരുമിച്ചാണ് നടത്തുക. 2021 ഡിസംബർ 18 നാണ് പ്രതികൾ ചേർന്ന് ഷാനെ കൊലപ്പെടുത്തിയത്. ഷാൻ്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസനെ എസ് ഡി പി ഐ പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയത്. രൺജിത് വധക്കേസിലെ എല്ലാ പ്രതികൾക്കും നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.

രൺജിത്ത് വധക്കേസിൽ ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഷാൻ വധക്കേസിലെ വിചാരണ നീണ്ടുപോകുന്നതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. കേസിൻ്റെ വിചാരണ നീളുന്നതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ പി പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. നേരത്തെ ഷാൻ വധക്കേസിലെ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു.

webdesk13: