കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മനോരമ ന്യൂസ് ചാനല്‍ അവതാരക ഷാനി പ്രഭാകരന്റെ മറുപടി. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിലെ മോദി നടത്തിയ നുണപ്രചാരണം സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് ശോഭാ സുരേന്ദ്രന്‍ ഷാനിയെ ഭീഷണിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തി രക്ഷപ്പെടാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമിച്ചപ്പോഴാണ് ഷാനി ഇടപെട്ടത്. എന്നാല്‍ ‘ഇതൊരു ചെറിയ കളിയല്ലെന്ന് ഷാനി ഓര്‍ക്കണം’ എന്നായിരുന്നു ശോഭയുടെ ഭീഷണി.

ഇതിനാണ് ‘പറയാതെ വയ്യ’ എന്ന പരിപാടിയിലൂടെ ഷാനി മറുപടി പറഞ്ഞിരിക്കുന്നത്. വസ്തുതകള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ ഇതൊരു ചെറിയ കളിയല്ലെന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. അതുകേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണം. അല്ലെങ്കില്‍ സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിങ്ങളൊരു നിയമമുണ്ടാക്ക്- ഷാനി പറഞ്ഞു.

ഭഗത് സിങ് ജയിലില്‍ കഴിയുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാവും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ നെഹ്‌റു ഭഗത് സിങ്ങിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഷാനി നെഹ്‌റുവിന്റെ ആത്മകഥ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ ആത്മകഥയില്‍ നെഹ്‌റു തന്നെ എഴുതിയത് തെളിവായി അംഗീകരിക്കാനാവില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

നെഹ്‌റുവിന്റെ ആത്മകഥ മുന്നില്‍ വെച്ച് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ശോഭ പറഞ്ഞപ്പോള്‍ കാരണമാരാഞ്ഞ ഷാനിയോട് ഷാനി പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഷാനിയുടെ ചര്‍ച്ചകള്‍ ഞങ്ങള്‍ നീരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. പ്രസംഗത്തിന്റെ വീഡിയോ കാണിച്ച് ശോഭാ സുരേന്ദ്രനോട് പരിഭാഷപ്പെടുത്താന്‍ പറഞ്ഞപ്പോഴാണ് പ്രസംഗം തെറ്റായി വ്യാഖ്യാനിച്ച ശോഭാ സുരേന്ദ്രന്‍ ഷാനിയോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചത്. തുടര്‍ന്ന് അപഹാസ്യമായ വിധത്തില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ഷാനി ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

വീഡിയോ കടപ്പാട്: മനോരമ ന്യൂസ്‌