ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രൂക്ഷ പ്രതികരണവുമായി അദ്ദേഹത്തിന്റെ മകള്‍ ഷര്‍മിസ്ത മുഖര്‍ജി രംഗത്ത്. തുടര്‍ ട്വീറ്റുകളിലൂടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.

നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുപ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും തീരുമാനം തെറ്റായി പോയെന്നും ഷര്‍മിസ്ത വ്യക്തമാക്കി. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ അവിടുത്തെ ജനങ്ങളെ ആര്‍.എസ്.എസിന് എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഇതു ഒരു തുടക്കമാണെന്നും അവര്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയോടെ ഉപദേശ രൂപേണയാണ് ഷര്‍മിസ്ത തന്റെ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസ്സിലാക്കണമെന്നും ഷര്‍മിസ്ത ട്വിറ്ററില്‍ കുറിച്ചു. ആര്‍.എസ്.എസ് ആശയങ്ങള്‍ താങ്കള്‍ പരിപാടിയില്‍ പങ്കുവെക്കുമെന്ന് അവര്‍ പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍ പ്രസംഗിക്കുന്നതിന്റെ ചിത്രം അവര്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിപ്പിക്കും. ചിത്രങ്ങള്‍ അവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു. അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്നും ഷര്‍മിസ്ത പറഞ്ഞു.
ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷവര്‍ഗ് പാസിങ് ഔട്ട് പരിപാടിയിലാണ്
പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്. ഇതിനായി അദ്ദേഹം ഇന്ന് നാഗ്പൂരിലെത്തി.