തിരുവനന്തപുരം: മുസ്‌ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് ശശി തരൂര്‍ എംപി. കുഞ്ഞാലിക്കുട്ടിയുടെ മടക്കം പാര്‍ലമെന്റിന് കനത്ത നഷ്ടമായിരിക്കുമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ നയിക്കാന്‍ എന്റെ സഹപ്രവര്‍ത്തകന്‍ പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോവുകയാണ്. പാര്‍ലമെന്റിന് അതൊരു നഷ്ടമാണ് എന്നിരിക്കെ തന്നെ കേരളത്തില്‍ യുഡിഎഫിന്റെ പ്രകടനത്തെ മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്തും ജനസമ്മിതിയും സഹായിക്കും-ശശി തരൂരിന്റെ ട്വിറ്റില്‍ പറയുന്നു.

ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ നേതൃത്വം യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടാണ് തിരിച്ചുവിളിക്കുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.