കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാറിനും കേന്ദ്രസര്‍ക്കാറിനുമെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും പിണറായിയുടെ മൗനവും കൂട്ടിവായിച്ചാല്‍ ആര്‍ക്കാണ് ബിജെപിയുമായി രഹസ്യബന്ധമെന്ന് മനസ്സിലാവുമെന്ന് കെ.എം ഷാജി. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചത് കൊണ്ട് പിണറായിയുടെ മാഫിയാ സംഘത്തെ വെളുപ്പിച്ചെടുക്കാനാവില്ലെന്നും ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൈരളി ചാനലിന്റെ ‘ഖുർ ആൻ വിരുദ്ധസമര പ്രക്ഷോഭം’ സമുദായം ഏറ്റെടുക്കുന്നില്ല എന്ന് ഉറപ്പായപ്പോൾ അടുത്ത അടവ്‌ ഇറക്കി നോക്കുന്നത്‌ കുഞ്ഞാലിക്കുട്ടി വിരുദ്ധ വികാരം ഇളക്കി നോക്കലാണ്‌!!
റമീസിന്റെ ജാമ്യത്തിനു പിന്നിൽ കുഞ്ഞാലിക്കുട്ടി എന്ന ഇമ്മിണി ബല്യ എക്സ്ക്ലൂസീവുമായി കൈരളി ഇറങ്ങിയിട്ടുണ്ട്.
ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു തീർപ്പുണ്ടാക്കി നല്ല പരിചയമുള്ള പിണറായിയും അയാളുടെ മാധ്യമ ഉപദേഷ്ടാവും ഇങ്ങിനെ പറയുന്നതിൽ ഒരു അത്ഭുതവുമില്ല.
റമീസീനും സ്വപ്നക്കുമടക്കം എല്ലാ പ്രതികൾക്കും ജാമ്യം ലഭിക്കേണ്ടത് സി പി എമ്മിന്റെ ആവശ്യമാണ്.
ജലീലിനെയും നേതാക്കന്മാരുടെ മക്കളെയും ഇനിയും ലിസ്റ്റിൽ വരാനിരിക്കുന്ന മന്ത്രിമാരെയും രക്ഷപ്പെടുത്താൻ ആർ എസ്‌ എസുമായി മാത്രമല്ല സംഘപരിവാരത്തിലെ ഏത്‌ ഈർക്കിൽ കക്ഷിയുമായും ചർച്ചക്ക്‌ തയ്യാറായിട്ടാണു സി പി എം നേതൃത്വത്തിന്റെ നിൽപ്പ്‌.
കുഞ്ഞാലിക്കുട്ടി സാഹിബും ആർ എസ്‌ എസും തമ്മിൽ ചർച്ച എന്ന് ‘എസ്‌ക്ലൂസീവ്’ ‌വിടുന്നതിനു മുമ്പ്‌ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ബി ജെ പി ഗവണ്മെന്റിനെതിരായി നടത്തിയ പ്രസ്താവനകൾ ഒന്ന് ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.
ചർച്ച നടത്തി എന്ന് സി പി എം ചാനൽ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി സംഘപരിവാരത്തിനെതിരെ പറഞ്ഞതും പിണറായി പറയാത്തതും കൂട്ടി വായിച്ചാൽ അത്‌ മനസ്സിലാവും!!
ഇത് കൊണ്ടൊന്നും നിങ്ങളുടെ ഈ മാഫിയ സംഘത്തെ വെളുപ്പിച്ചെടുക്കാൻ പറ്റില്ല സാർ!!