ഹൈദരാബാദ്: മോഷ്ടിക്കാനായി കയറിയ വീട്ടിലെ എസിയുടെ തണുപ്പില്‍ കിടന്നുറങ്ങിയ കള്ളന് കൂര്‍ക്കം വലി വിനയായി. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ പെട്രോള്‍ പമ്പുടമയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെയാണ് ഉറക്കം വെട്ടിലാക്കിയത്. അപരിചതമായ കൂര്‍ക്കം വലി കേട്ടുണര്‍ന്ന വീട്ടുടമ മുറിയില്‍ കള്ളനെ കണ്ടതോട വാതില്‍ പുറത്തുനിന്നും പൂട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇരുപത്തിയൊന്നുകാരന്‍ സുരി ബാബുവാണ് ശനിയാഴ്ച പുലര്‍ച്ചെ പൊലീസിന്റെ പിടിയിലായത്.

സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഇയാള്‍ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടില്‍ മോഷണത്തിന് കയറിയത്. മോഷണം പൂര്‍ത്തിയാക്കിയ കള്ളന്‍ വീട്ടില്‍ ചുറ്റുപാടും മനസ്സിലാക്കി അല്‍പസമയം ഉറങ്ങാന്‍ കിടക്കുകയായിരുന്നു. എന്നാല്‍ എസിയുടെ തണുപ്പില്‍ കള്ളന്‍ ഗാഢനിദ്രയിലാണ്ടുപോയതോടെ കൂര്‍ക്കം വലി വീട്ടുകാരെ വിളിച്ചുണര്‍ത്തുകയാണുണ്ടായത്.

വീട്ടിലെത്തിയ പൊലീസിന് ഉറങ്ങികിടക്കുന്ന കള്ളനെ എഴുന്നേല്‍പ്പിക്കേണ്ട ജോലിയെ ഉണ്ടായിരുന്നു. കടം വീട്ടാനാണ് ബാബു മോഷിടിക്കാന്‍ പദ്ധതിയിട്ടതെന്നും മോഷണശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.