കെ റെയില്‍ പദ്ധതിയെ പറ്റി പഠിക്കാന്‍ സമയം ആവശ്യമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിവേദനത്തില്‍ ഒപ്പുവെച്ചിട്ടില്ല എന്നതുകൊണ്ട് പദ്ധതിയെ പിന്തുണക്കുന്നുവെന്ന് പറയാന്‍ സാധിക്കില്ലന്നും ശശി തരൂര്‍ എം.പി ഓര്‍മപ്പെടുത്തി.

ഒപ്പിടാത്തതിന് കാരണം പറഞ്ഞ് മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം കൃത്യമായി പഠിച്ച ശേഷം നിലപാട് എടുക്കുമെന്നും തരൂര്‍ അറിയിച്ചു. സംസ്ഥാനം വഹിക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യത, പദ്ധതി മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി വിലയിരുത്തപ്പെടണമെന്നും പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ പാര്‍ലമെന്ററിലെ തയാറാക്കിയ നിവേദനം താന്‍ കണ്ടിട്ടില്ലെങ്കിലും അതില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജനങ്ങളെ പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നത് കൃത്യമായി പഠനവിധേയമാക്കണമെന്നും എം.പി കൂട്ടിചേര്‍ത്തു.