മുംബൈ: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനു പിന്നാലെ വര്‍ഗീയ വിഷം തുപ്പി ശിവസേനയും. ഇന്ത്യ ഹിന്ദുക്കളുടെതാണെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പ്രഥമ പരിഗണന ലഭിക്കണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ശിവസേന മുഖപത്രം സാമ്‌ന രംഗത്തെത്തി.

ഹിന്ദുക്കളെ പിന്തുണക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, കശ്മീരി പണ്ഡിറ്റുകളുടെ ഘര്‍ വാപ്പസി എന്നിവയ്ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയില്‍ ആദ്യസ്ഥാനം ഹിന്ദുക്കള്‍ക്കാണ്. മറ്റുള്ളവരുടെ സ്ഥാനം അതിനുശേഷം മാത്രമേ വരൂ. കാരണം അന്‍പതിലധികം രാജ്യങ്ങളാണ് മുസ്‌ലിംകള്‍ക്കുള്ളത്. ക്രിസ്ത്യാനികള്‍ക്ക് അമേരിക്കയും യൂറോപ്പും പോലുള്ള രാജ്യങ്ങളുണ്ട്. ബുദ്ധമതക്കാര്‍ക്ക് ചൈന, ജപ്പാന്‍, ശ്രീലങ്ക, മ്യാന്‍മര്‍ പോലുള്ളവയും. ഹിന്ദുക്കള്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവുമില്ലെന്നും സാമ്‌ന പറയുന്നു.

ഹിന്ദു വിശ്വാസത്തോട് ആഭിമുഖ്യമുള്ളവര്‍ ഭൂരിഭാഗമടങ്ങിയ സര്‍ക്കാരാണ് ഇന്ന് അധികാരത്തില്‍. എന്നിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അവര്‍ തയാറാകുന്നില്ല. എല്ലാം കോടതിക്കു വിട്ടുനല്‍കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ കുറിച്ചും ശിവസേന നിലപാടു വ്യക്തമാക്കി.

ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ പലര്‍ക്കും മടിയാണ്. അത്തരത്തില്‍ ദേശീയ ഗാനത്തെ അപമാനിക്കുകയാണവര്‍. അവര്‍ക്കെതിരെ നടപടികളെടുക്കുന്നത് ഹിന്ദുത്വ സര്‍ക്കാര്‍ കാട്ടിക്കൊടുക്കണം. ഒരു നേതാവിനോ പാര്‍ട്ടിക്കോ രാജ്യത്തെ മഹത്തരമാക്കാന്‍ കഴിയില്ലെന്നും ശിവസേന പറയുന്നു. ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെതാണെങ്കില്‍ ഇന്ത്യ ഹിന്ദുക്കളുടെതാണെന്ന വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.