തിരുവനന്തപുരം: എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്.

കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ചാണ് ശിവശങ്കര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയിലുണ്ട്.

താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി ഇ ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സ്വപ്‌ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമായിരുന്നെന്നും എന്നാല്‍ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് ശിവശങ്കറിന്റെ വാദം.