ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തു. മധുരയിലെ പൊലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂറിലേറെ നീണ്ടു. സിജെഎം കോടതിയുടെ അനുമതിയോടെയാണ് നടപടി. ഹാത്രസിലേക്കുള്ള യാത്രയിലാണ് സിദ്ധീഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്.

സിദ്ദീഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ കേസില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രിംകോടതി തന്നെ കേസ് കേള്‍ക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ കപില്‍സിബല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ശരിയല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അക്കാര്യം നോക്കാന്‍ തങ്ങള്‍ ഇവിടെത്തന്നെയുണ്ടല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നാലാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.