ലാഹോര്‍: അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് ഇന്ത്യ പുറത്തായതില്‍ സന്തോഷിച്ച് പാകിസ്ഥാന്‍ പേസര്‍ ഷുഐബ് അക്തര്‍. തന്റെ രാജ്യത്തിന്റെ ടെസ്റ്റിലെ ചെറിയ സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇന്ത്യ മറികടന്നതില്‍ സന്തോഷിക്കുന്നതായി അക്തര്‍ പറഞ്ഞു.

2013ല്‍ ജൊഹന്നാസ് ബര്‍ഗില്‍ പാകിസ്ഥാനെ സൗത്ത് ആഫ്രിക്ക 49 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു. രാവിലെ ഉണര്‍ന്ന് ടിവി വെച്ചു. കഴിഞ്ഞ ദിവസത്തെ കളി കണ്ടിരുന്നില്ല. ഇന്ത്യ 369 റണ്‍സ് സ്‌കോര്‍ ചെയ്‌തെന്നാണ് കരുതിയത്. പിന്നാലെ കണ്ണു തിരുമ്മി ഞാന്‍ ശ്രദ്ധിച്ച് നോക്കി. അപ്പോഴാണ് 36 എന്നും 9 എന്നും കണ്ടത്. ഒരാള്‍ റിട്ടയേര്‍ഡ് ഹേര്‍ട്ട് ആവുകയായിരുന്നു. നാണം കെടുത്തുന്ന തോല്‍വിയാണ്. നാണം കെടുത്തുന്ന ബാറ്റിങ് ആണ്. ലോകത്തിലെ വമ്പന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു, അക്തര്‍ പറയുന്നു.

ഞങ്ങളുടെ റെക്കോര്‍ഡും അവര്‍ മറികടന്നു. 36ന് ഓള്‍ഔട്ട്. ലജ്ജാവഹമായ പ്രകടനമാണ് ഇത്. ഞങ്ങളുടെ റെക്കോര്‍ഡ് അവര്‍ മറികടന്നു എന്നതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ക്രിക്കറ്റില്‍ ഇങ്ങനെയെല്ലാം സംഭവിക്കും. വിമര്‍ശനങ്ങള്‍ അംഗീകരിക്കുക.

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ 60 റണ്‍സിന് മുകളില്‍ ലീഡുമായി ഇറങ്ങിയ ഇന്ത്യ 36 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റിലെ ഏറ്റവും ചെറിയ ടോട്ടലാണ് ഇത്.