കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് വി.എ ആന്റണിയുടെ നേതൃത്വത്തിലുളള സംഘമാണ് സാക്ഷികളെയെത്തിച്ച് തിരിച്ചറിയില്‍ പരേഡ് നടത്തിയത്. ആക്രമണത്തില്‍ ഷുഹൈബിനൊപ്പം വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, റിയാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ആകാശ് തില്ലേങ്കേരിയും റിജിന്‍ രാജും കൊലപാതകം നടത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് സാക്ഷികള്‍ വ്യക്തമാക്കി. നൗഷാദിനും റിയാസിനുമൊപ്പം മറ്റൊരു സാക്ഷി കൂടി വന്നിരുന്നുവെങ്കിലും സാക്ഷിയുടെ സ്വകാര്യത പരിഗണിച്ച് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ആകാശിനും രജിന്‍രാജിനുമൊപ്പം മറ്റു മൂന്നു പേര്‍ കൂടി അക്രമിസംഘത്തില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവരെ ഇഥുവരെയും പിടികൂടാന്‍ പൊലീസ് സംഘത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.