കോഴിക്കോട്: ഉത്തര്‍പ്രദേശ് മഥുര ജയിലില്‍ നിന്ന് കോവിഡ് രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ദേശവ്യാപകമായി പ്രൊട്ടസ്റ്റ് വാള്‍ തീര്‍ക്കും.രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ് അദ്ദേഹം ഉത്തര്‍പ്രദേശിലെത്തിയത്. അവിടെ വച്ച് യു പി പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തുകയായിരുന്നു.രാജ്യവ്യാപകമായി മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിക്ഷേധമുയര്‍ത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ ജയിലില്‍ വച്ച് കോവിഡ് രോഗബാധിതനായ സിദ്ദീഖ് കാപ്പന് മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട് എന്നാണ് ജയിലധികൃതര്‍ പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം കാപ്പന്‍ ഭാര്യ റൈഹാനത്തുമായി സംസാരിക്കുമ്പോഴാണ് ആശുപത്രിയില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ കഥ പുറം ലോകം അറിഞ്ഞത്. ചികിത്സയുടെ പേരില്‍ ആശുപത്രിയില്‍ കെട്ടിയിട്ട് പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ അനുവദിക്കാതെ ക്രൂരമായി പീഡിപ്പിക്കുകയാണ്.

ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിക്ഷേധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യം പ്രാണവായു കിട്ടാതെ പിടയുകയാണ്. വാക്‌സിനേഷന്‍ താറുമാറായി കിടക്കുന്നു. അതിതീവ്ര വ്യാപനത്തിന്റെ കെടുതികള്‍ ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് .മൃതദേഹം സംസ്‌കരിക്കാനാകാതെ കൂട്ടച്ചിതയൊരുക്കി കത്തിക്കുകയാണ്. ഇതൊക്കെ നടക്കുമ്പോഴും ഒരു മടിയുമില്ലാതെ ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ ബി ജെ പി ക്കും യോഗിക്കും മാത്രമേ കഴിയൂ. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശവപ്പറമ്പായി ഇന്ത്യ മാറുന്നതിന്റെ കൂടി തെളിവാണ് കാപ്പന്‍ സംഭവം. കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെതിരെ നടക്കുന്ന ഈ ക്രൂരതയില്‍ പിണറായി വിജയന്‍ തുടരുന്ന മൗനം ദുരൂഹമാണ്. ഒരു പരിമിതിയുമില്ലാതെ യൂത്ത് ലീഗ് കാപ്പനോടൊപ്പം നിലയുറപ്പിക്കുന്നു.കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കുക, ജാമ്യം അനുവദിക്കുക, യു എ പി എ പുന:പരിശോധിക്കുക എന്നീ ആവശ്യളുന്നയിച്ച് സംഘടിപ്പിക്കുന്ന പ്രതിക്ഷേധ മതിലില്‍ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് വീട്ടുമുറ്റങ്ങളിലാണ് പ്രതിക്ഷേധ മതില്‍ തീര്‍ക്കേണ്ടത്.വീടീന്റെ മതിലില്‍ രാവിലെ തന്നെ സിദ്ദീഖ് കാപ്പന് നീതി ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിക്കണം.കൃത്യം 11 മണിക്ക് കുടുംബസമേതം പ്രതിക്ഷേധ പോസ്റ്ററുകള്‍ കയ്യിലേന്തി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. കേരളം തമിള്‍നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുടുംബ സമേതം പ്രതിക്ഷേധത്തില്‍ അണിനിരക്കും. പോസ്റ്റര്‍ മാറ്ററുകള്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തയാറാക്കി നവസമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാക്കും.

കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും നീതിക്കു വേണ്ടിയുള്ള ഈ പ്രതിഷേധത്തില്‍ അണിനിരക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പി കെ ഫിറോസും അഭ്യര്‍ത്ഥിച്ചു.