X
    Categories: Culture

ഭോപ്പാല്‍ ‘ഏറ്റുമുട്ടല്‍’ കൊലപാതകം: പൊലീസുകാര്‍ക്കുള്ള പാരിതോഷികം തടഞ്ഞു

ഭോപ്പാല്‍: തടവു ചാടിയ സിമി പ്രവര്‍ത്തകരെ ‘ഏറ്റുമുട്ടലിലൂടെ’ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാരിതോഷികം നല്‍കുന്നത് നീട്ടിവെച്ചത്. അന്വേഷണം കഴിഞ്ഞ ശേഷം മാത്രമേ ഇതു നല്‍കൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ‘ഏറ്റുമുട്ടലില്‍’ പങ്കെടുത്ത ഓരോ പൊലീസുകാരനും രണ്ട് ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സംഭവം നടന്നതിന് പിറ്റേന്ന്, സംസ്ഥാനപ്പിറവി ആഘോഷങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം. പാരിതോഷിക പ്രഖ്യാപനത്തിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

അന്വേഷണം കഴിയും വരെയെങ്കിലും സര്‍ക്കാര്‍ കാത്തുനില്‍ക്കണമെന്നായിരുന്നു ഭോപ്പാല്‍ വാതക ദുരന്ത ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാറിന്റെ പ്രതികരണം. ഏറ്റുമുട്ടലില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാരിതോഷികം പ്രഖ്യാപിച്ചതിലെ അസാംഗത്യം ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിലെ അജയ്ദുബെയും പങ്കുവെച്ചിരുന്നു.

ജയില്‍ച്ചാട്ടവും പിന്നീട് അവരെ വെടിവെച്ചു കൊന്നതും റിട്ടയേഡ് ജസ്റ്റിസ് എസ്.കെ പാണ്ഡെയാണ് അന്വേഷിക്കുന്നത്. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

chandrika: