ഡല്‍ഹി: കര്‍ഷക സമരവേദിയായ ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് പൊലീസ്. ദേശീയ പാതയില്‍ കുഴിയെടുത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ വീണ്ടും സിംഘു അതിര്‍ത്തിയിലേക്ക് വരുന്നത് കണക്കിലെടുത്താണ് പൊലീസ് നടപടി.

സമരഭൂമിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് പൊലീസ് മാധ്യമപ്രവര്‍ത്തകരെ വിലക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് കടത്തിവിടാത്തത് എന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ സമരഭൂമിയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം, കൂടുതല്‍ സ്ഥലങ്ങളില്‍ മഹാപഞ്ചായത്തുകള്‍ വിളിച്ചു ചേര്‍ക്കാന്‍ സമരഭൂമിയ്ക്ക് പുറത്തുള്ള കര്‍ഷകര്‍ തീരുമാനിച്ചു. യുപിയിലെ ബിജിനോറിലും ഹരിയാനയിലെ ജിന്ധിലും മഹാപഞ്ചായത്ത് വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബിജിനാറില്‍ നാളെ മഹാപഞ്ചായത്ത് നടത്തും. ഫെബ്രുവരി മൂന്നിനാണ് ജിന്ധില്‍ യോഗം ചേരുക. ഭാഗ്പൂരില്‍ മഹാപഞ്ചായത്ത് ചേര്‍ന്നതിന് പിന്നാലെ ഗാസിപ്പൂരിലേക്ക് യുപിയില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണ്. ഇവരെ തടയാനായി റോഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.