കോന്നി: ക്ലാസിലെ ഡസ്‌കിന് അടിയിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ് വിദ്യാര്‍ത്ഥി ആസ്പത്രിയില്‍. പത്തനംത്തിട്ട കോന്നി പ്രമാടം നേതാജി ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പില്‍ വടക്കേതില്‍ ബിജു-ബിന്‍സി ദമ്പതികളുടെ മകന്‍ ബിജിലിനാണ് പാമ്പു കടിയേറ്റത്.

ഇന്നലെ സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് സംഭവം. ഡെസ്‌കിന്റെ അടിയില്‍ ഉണ്ടായിരുന്ന മൂര്‍ഖന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് ബിജിലിനെ കടിച്ചത്. തല്‍ക്ഷണം ബിജില്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു.

പ്രവേശനോത്സവത്തിനായി മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂളില്‍ എത്തിയതാണ് ബിജില്‍. പ്രവേശനോത്സവത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കുട്ടികളെ ക്ലാസ് മുറികളില്‍ ഇരുത്തി. ബിജിലിനെയും സഹപാഠികളെയും ഒമ്പതാം ക്ലാസിലേക്ക് മാറ്റിയിരുത്തി.

ഇതിനിടെയാണ് സംഭവം. തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബിജില്‍ അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.