പന്ത്രണ്ടു വര്‍ഷമായി ജോലി ചെയ്തുവന്ന സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്ന് പെരുവഴിയിലായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഭാര്യയെയും മകളെയും കഴുത്തറുത്തു കൊന്ന് ആത്മഹത്യക്കു ശ്രമിച്ചു. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്ന ആര്‍. പ്രജ്‌വാള്‍ എന്ന 42-കാരനാണ് ഭാര്യ സവിതയെയും (39) മകള്‍ സിഞ്ചനയെയും (11) ക്രൂരമായി കൊലചെയ്തത്. മദ്യത്തില്‍ വിഷം കലര്‍ത്തി കുടിച്ചും ഞരമ്പ് മുറിച്ചും ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പ്രജ്‌വാള്‍ മരിച്ചില്ല.

വിജനഗര ഫോര്‍ത്ത് സ്‌റ്റേഡിലെ ബസനഹള്ളിയില്‍ താമസിച്ചു വരികയായിരുന്ന പ്രജ്‌വാളും ഭാര്യയും ഒരു വര്‍ഷത്തോളമായി തൊഴില്‍രഹിതരായിരുന്നു. ഇരുവരും ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായതു കാരണം പൂട്ടുകയായിരുന്നു. ഇതിനു ശേഷം പ്രജ്‌വാളിന്റെ പിതാവിന്റെ പെന്‍ഷന്‍ തുക കൊണ്ടാണ് കുടുംബം കഴിഞ്ഞുപോന്നിരുന്നത്. പുതിയ തൊഴില്‍ കണ്ടെത്തുന്നതിനായി പ്രജ്‌വാളും സവിതയും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി പ്രജ്‌വാള്‍ ഭാര്യയോട് ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചെങ്കിലും സവിത സമ്മതിച്ചില്ല. എന്നാല്‍ അര്‍ധരാത്രി ഒന്നരയോടെ ഇയാള്‍ ഉറങ്ങിക്കിടന്ന സവിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇതിനുശേഷം, സവിതയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്ന മകള്‍ സഞ്ചനയെ കൂട്ടിക്കൊണ്ടുവരികയും കഴുത്തറുത്തു കൊല്ലുകയും ചെയ്തു.

അന്ന് രാത്രി മദ്യത്തില്‍ വിഷം കലര്‍ത്തി കുടിക്കുകയും ഞരമ്പ് മുറിക്കുകയും ചെയ്‌തെങ്കിലും പ്രജ്‌വാളിന് മരിക്കാനായില്ല. പിറ്റേന്നു രാവിലെയും ഇയാള്‍ ആത്മഹത്യാശ്രമം നടത്തി. വ്യാഴാഴ്ച വൈകുന്നേരം ആത്മഹത്യാശ്രമം ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടതോടെ രാത്രി 12 മണിയോടെ ഇയാള്‍ പിതാവിനെ ഫോണില്‍ വിളിക്കുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു.

സ്വകാര്യ ആസ്പത്രിയില്‍ കഴിയുന്ന പ്രജ്‌വാള്‍ അപകടഘട്ടം തരണം ചെയ്തിട്ടുണ്ട്. കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.