മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍സ്റ്റാണ് നടന്‍ ജയന്‍. മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയനെ അനുകരിക്കുന്നതില്‍ മുന്നിലാണ് മലയാളി യുവത്വം. സാഹസികത നിറഞ്ഞ അഭിനയത്തിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന ജയന്‍ കോളിളക്കം സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണ് മരിക്കുന്നത്.

അന്നുതന്നെ മരണവുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള കഥകളും പ്രചരിച്ചിരുന്നു. ജയന്‍ മരിച്ചിട്ടില്ലെന്നും അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയാണെന്നായിരുന്നു ഒരു കഥ. അമേരിക്കയില്‍ നിന്ന് അമ്മക്ക് ജയന്‍ കത്തുകളയക്കാറുണ്ടെന്നും ശത്രുക്കളെപ്പേടിച്ച് അവിടെ കഴിയുകയായിരുന്നുവെന്നും വ്യാപകമായി പരന്നിരുന്നു. കൂടാതെ ജയന്റെ മരണം കൊലപാതകമാണെന്നും ശക്തമായ രീതിയിലുള്ള പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം വ്യക്തമായി ഉത്തരം നല്‍കിയിരിക്കുകയാണ് കോളിളക്കത്തിന്റെ സഹസംവിധായകനും ക്ലൈമാക്‌സ് ചിത്രീകരണവേളയില്‍ സ്ഥലത്തുണ്ടാവുകയും ചെയ്ത സോമന്‍ അമ്പാട്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ജയന്റെ മരണത്തെക്കുറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തള്ളി. അന്ന് നടന്നതിനെക്കുറിച്ചു വ്യക്തമാക്കുകയും ചെയ്തു.

jayanhelicopterstunt

മദ്രാസില്‍ നിന്നും അല്‍പ്പം അകലെയുള്ള ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോട്ടില്‍വെച്ചാണ് കോളിളക്കിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നത്. പി.എന്‍ സുന്ദരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹെലികോപ്റ്ററില്‍ നിന്ന് ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീന്‍, കോപ്റ്ററില്‍ ചാടിപ്പിടിക്കുക, വിടുക അതായിരുന്നു പ്ലാന്‍ ചെയ്ത ഷോട്ട്. എന്നാല്‍ ജയന്‍ സ്വാഭാവികതക്കുവേണ്ടി അഭിനയിച്ചത് അപകടത്തിലേക്കാവുകയായിരുന്നു. ഹെലികോപ്റ്ററില്‍ പിടിച്ചു കയറി കാല് മുകളിലോട്ട് ലോക്ക് ചെയ്തപ്പോള്‍ ജയന് ലോക്ക് റിലീസ് ചെയ്യാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല. ഒരു വശത്തേക്ക് ഭാരമെത്തിയതുകൊണ്ടോ അതോ ബാലന്‍സ് നഷ്ടപ്പെട്ടതുകൊണ്ടോ ഹെലികോപ്റ്ററിന്റെ ചിറക് താഴെയിടിക്കുകയായിരുന്നുവെന്നും ഒപ്പം ജയന്റെ തലയുടെ പുറകുവശവും താഴെയിടിച്ചെന്നും അദ്ദേഹം പറയുന്നു.

jayan-in-sarapancharam-1979

ആസ്പത്രിയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും മദ്രാസില്‍ അന്ന് കനത്ത മഴയായിരുന്നു. ട്രാഫിക്കില്‍ കുടുങ്ങി ആസ്പത്രിയിലെത്തിക്കാന്‍ വൈകുകയായിരുന്നു. നേരത്തെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജയന്‍ രക്ഷപ്പെടുമായിരുന്നുവെന്നും സോമന്‍ അമ്പാട്ട് പറഞ്ഞു. ഐ.സിയുവില്‍ കയറ്റുന്നതുവരെ ജയന് ജീവനുണ്ടായിരുന്നു. എന്നാല്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ജയന്‍ മരിച്ചതുമായി ബന്ധപ്പെട്ട എല്ലാ പ്രചാരങ്ങളും തെറ്റാണെന്നും ആവര്‍ത്തിച്ചു.