കൊച്ചി: സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വി.എ.സക്കീര്‍ ഹുസൈനെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തു. തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വെക്കല്‍ തുടങ്ങി എട്ടോളം കേസുകളാണ് എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഗുണ്ടകളെ ഒതുക്കാന്‍ സിറ്റി പൊലീസ് രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സ് എടുത്ത ആദ്യ കേസാണിത്.

cpm-area-secretary-sakkir-hussain-jpg-image-784

വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പേരില്‍ യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ് ഈ കേസില്‍ രണ്ടാം പ്രതി. തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തലിനുമാണു സിദ്ദീഖിനെതിരെ കേസ്. വെണ്ണല സ്വദേശിയും മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഇപ്പോള്‍ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി അന്വേഷണത്തിനായി പൊലീസിനു കൈമാറുകയായിരുന്നു.

ഒട്ടേറെ കേസുകളില്‍ പ്രതിയായ കറുകപ്പിള്ളി സിദ്ദീഖുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ സക്കീര്‍ ഹുസൈന്റെ വാദം. എന്നാല്‍ ഇന്നലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഈ വാദം പൊളിയുകയായിരുന്നു. നിലവില്‍ കളമശ്ശേരി പൊലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണു സക്കീര്‍ ഹുസൈന്‍. ഇത് കൂടാതെ കോടികളുടെ അഴിമതി ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്.