Sports
സന്തോഷം തൊട്ടരികെ
കൊല്‍ക്കത്ത: കരുത്തരായ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. പകരക്കാരനായിറങ്ങിയ അഫ്ദല്‍ വി.കെ 54-ാം മിനുട്ടില്‍ നേടിയ ഗോളില്‍ വിജയം നേടിയ കേരളം ബംഗാളിനെയാണ് ഫൈനലില്‍ നേരിടുക. കര്‍ണാടകയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയായിരുന്നു വംഗനാട്ടുകാരുടെ ഫൈനല്‍ പ്രവേശം. അഞ്ചു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കേരളം സന്തോഷ് ട്രോഫി കലാശക്കളിക്കിറങ്ങുന്നത്.
കളിക്കളത്തിലെ പ്രകടന മികവില്‍ മുന്‍തൂക്കം മിസോറമിനായിരുന്നെങ്കിലും അടിസ്ഥാന പാഠങ്ങള്‍ മറക്കാതെ കളിച്ചാണ് സതീവന്‍ ബാലന് പരിശീലിപ്പിക്കുന്ന കേരള സംഘം വിജയവുമായി കയറിയത്. ഗ്രൂപ്പ് എ മത്സരത്തില്‍ ബംഗാളിനെ മുട്ടുകുത്തിച്ച സംഘത്തില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് പ്ലെയിങ് ഇലവനെ ഒരുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട കോച്ച് ലോല്‍സങ്സുല മാര്‍ ഇല്ലാതെ ഇറങ്ങിയ മിസോറം 4-1-4-1 എന്ന ശൈലി അവലംബിച്ചു.
തുടക്കത്തില്‍ ഇരുടീമുകളും സാഹസിക നീക്കങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും കളി പുരോഗമിച്ചപ്പോള്‍ മിസോറം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. വലതു വിങില്‍ ലാല്‍ബിയാഖുലയുടെ നീക്കങ്ങള്‍ കേരളത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഗോള്‍മുഖത്ത് സെറ്റ്പീസുകള്‍ നേടുന്നതില്‍ മിസോറം വിജയിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ കേരളം പ്രതിരോധം മുറുക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ നാലു ഗോള്‍ നേടിയ ലാല്‍ റൊമാവിയയുടെ 17 വാര അകലെ നിന്നുള്ള ഷോട്ട് വലതുവശത്തേക്ക് മുഴുനീള ഡൈവ് നടത്തിയാണ് മിഥുന് വി തട്ടിയകറ്റിയത്. 33-ാം മിനുട്ടില്‍ റോമാവിയ ഗോളിന് തൊട്ടരികിലെത്തിയെങ്കിലും മിഥുന്റെ മനസ്സാന്നിധ്യത്തെ മറികടക്കാനായില്ല. ബോക്സിന്റെ അതിര്‍ത്തിയില്‍ നിന്ന് രാഹുല്‍ കെ.പി തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതിരുന്നത് കേരളത്തിനും തിരിച്ചടിയായി.
ഹാഫ് ടൈമിന് തൊട്ടുമുമ്പ് സജിത്തിനെ പിന്‍വലിച്ച് സ്ട്രൈക്കര്‍ അഫ്ദല്‍ വി.കെയെ കളത്തിലിറക്കാനുള്ള തീരുമാനമാണ് കേരള വിജയത്തില്‍ നിര്‍ണായകമായത്. കളി ഒരു മണിക്കൂറിനോടടുക്കവെ അഫ്ദല്‍ കോച്ചിന്റെ തീരുമാനത്തെ ന്യായീകരിച്ച് വലകുലുക്കി. വലതുവിങില്‍ നിന്ന് രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് മുന്നേറിയ ജിതിന്റെ പാസില്‍ നിന്ന് രാഹുല്‍ കെ.പി ഷോട്ടുതിര്‍ത്തെങ്കിലും മിസോറം കീപ്പര്‍ ലാല്‍തന്‍പുയ്യ റാള്‍ട്ടെ തട്ടിയകറ്റി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അഫ്ദലിന്റെ കാലിലാണ് പന്തെത്തിയത്. പന്ത് നിയന്ത്രിച്ച അഫ്ദല്‍ പിഴവ് വരുത്താതെ ലക്ഷ്യം കാണുകയും ചെയ്തു.
കളിയുടെ ഗതിക്കു വിപരീതമായി വീണ ഗോള്‍ മിസോറമിനെ ഞെട്ടിച്ചു. വാശിയേറിയ ആക്രമണങ്ങളിലൂടെ ഗോളടിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കേരള പ്രതിരോധം ഉരുക്കുകോട്ടയായി നിലകൊണ്ടു. അവസാന ഘട്ടങ്ങളില്‍ സര്‍വം മറന്ന് മിസോറം ആക്രമിച്ചെങ്കിലും സ്വന്തം ബോക്സില്‍ സമചിത്തതയോടെ നിന്ന കേരള കളിക്കാര്‍ അപകടമൊഴിവാക്കി. ക്ഷമ നശിച്ച് മിസോറം കളിക്കാര്‍ തൊടുത്ത ലോങ് റേഞ്ചറുകള്‍ക്ക് മിഥുനെ പരീക്ഷിക്കാന്‍ കഴിഞ്ഞതുമില്ല.
അഞ്ച് തവണ ചാമ്പ്യന്മാരായ കേരളത്തിന്റെ പതിനാലാമത് സന്തോഷ് ട്രോഫി ഫൈനല്‍ പ്രവേശമാണിത്. 32 തവണ ചാമ്പ്യന്മാരാണ് ആതിഥേയരായ ബംഗാള്‍. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ബംഗാളിനായി ആരവം മുഴക്കുന്ന കാണികളെയും ആതിഥേയര്‍ക്ക് അനുകൂലമായ അന്തരീക്ഷത്തെയും കീഴടക്കുക എന്നതാവും സതീവനും കുട്ടികള്‍ക്കും മുന്നിലുള്ള വെല്ലുവിളി. 1994 ല്‍ കട്ടക്കില്‍ വെച്ചാണ് ഇതിനു മുമ്പ് കേരളം – ബംഗാള്‍ ഫൈനല്‍ നടന്നത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജയം ബംഗാളിനൊപ്പമായിരുന്നു. അവസാനമായി കപ്പടിച്ച 2004-നു ശേഷം 2012-ല്‍ ഫൈനലിലെത്തിയെങ്കിലും കിരീടമുയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.
ഇത്തവണ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിക്കാന്‍ കഴിഞ്ഞുവെന്നത് കേരളത്തിന് പ്രതീക്ഷ പകരുന്നുണ്ട്.
Sports
ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത
ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.
നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.
ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
Sports
രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം
കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍. ആര്യന് പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്കി.
മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന് നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
Sports
രഞ്ജി ട്രോഫിയില്‍ സ്മരണ്‍ രവിചന്ദ്രന്റെ ഡബിള്‍ സെഞ്ച്വറി; കര്‍ണാടകയുടെ യുവതാരം തിളങ്ങി
ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി.
ചണ്ഡീഗഢ്: രഞ്ജി ട്രോഫിയില്‍ വീണ്ടും ഡബിള്‍ സെഞ്ച്വറിയുമായി കര്‍ണാടകയുടെ യുവ ക്രിക്കറ്റ് പ്രതിഭ സ്മരണ്‍ രവി ചന്ദ്രന് തകര്‍പ്പന്‍ പ്രകടനം. ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്ന ഇന്നിംഗ്സാണ് താരം കളിച്ചത്.
ഈ സീസണില്‍ കേരളത്തിനെതിരെയും സ്മരണ്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തിലും ഇരട്ടയക്ക ശതകത്തോടെ താരം ശ്രദ്ധനേടി. 2024-25 വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കായി താരം നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറി (101 റണ്‍സ്) ഏറെ ചര്‍ച്ചയായിരുന്നു.
വെറും 22 വയസ്സുള്ള സ്മരണ്‍ ഇതിനകം തന്നെ 3 ഡബിള്‍ സെഞ്ച്വറികള്‍, 1 സെഞ്ച്വറി, നിരവധി ഹാഫ് സെഞ്ച്വറികള്‍ എന്നിവ സ്വന്തമാക്കി.
13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1000 റണ്‍സ് പിന്നിട്ടുകഴിഞ്ഞു.
ഐപിഎലില്‍ സ്മരണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെ താരമാണ്. 2025 സീസണില്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്ക് എസ്ആര്‍എച്ച് താരത്തെ ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. സ്മരണ്‍ പുറത്തായതോടെ ഹര്‍ഷ് ദുബെ ടീമിലേക്കെത്തി.
എങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് 2026 സീസണിലേക്കുള്ള നിലനിര്‍ത്തല്‍ പട്ടികയില്‍ സ്മരണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതോടെ മടങ്ങിവരവിന് വാതില്‍ തുറന്നു.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News24 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

