കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ലോക്കപ്പിലെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശ്രീജിത്ത് ലോക്കപ്പില്‍ ഉരുട്ടല്‍ അടക്കമുള്ള മര്‍ദ്ദനരീതിക്ക് വിധേയമായിട്ടുണ്ടെന്ന് അഞ്ചു പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ലക്ഷണങ്ങളുള്ള കസ്റ്റഡി മരണമെന്ന് റിപ്പോര്‍ട്ട് കണ്ട വിദഗ്ധര്‍ പറഞ്ഞു. മൂന്നാംമുറക്ക് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മര്‍ദ്ദനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ വിദഗ്ധ സംഘത്തിന്റെ ഉപദേശം ആവശ്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിനായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ശിപാര്‍ശ ചെയ്യുന്നു. മര്‍ദ്ദനം എങ്ങനെയാണെന്ന് കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ചതവുകള്‍ ഉള്ളതായി റിപ്പോര്‍ട്ടിലെ 16ാം ഖണ്ഡികയില്‍ പറയുന്നു. മുട്ടിനു മുകളില്‍ തുടയുടെ ഭാഗത്ത് ഒരേപോലെയുള്ള ചതവുകള്‍ ആണുള്ളത്. പുറത്തുകാണാത്ത വിധമാണ് ഇത്. അത്തരമുള്ള എന്തോ ആയുധം ഉപയോഗിച്ച് ഉരുട്ടി. ത്വക്കിനു പുറത്തേക്ക് പാട് വന്നിട്ടില്ല. അടിയേറ്റാല്‍ ചുവന്ന പാടുകള്‍ പുറത്തുവരും. മുട്ടിനു 24 സെന്റിമീറ്റര്‍ മുകളിലും തുടയ്ക്ക് 18 സെന്റിമീറ്റര്‍ താഴെയുമാണ് പാട് പ്രകടമായിരിക്കുന്നത്.
ചുവന്ന നീല നിറത്തിലാണ് ചതവേറ്റ ഭാഗങ്ങള്‍. മരണത്തിനു മൂന്നു ദിവസത്തിനുള്ളില്‍ നടന്ന മര്‍ദ്ദനമാണിത്. രണ്ടു കാലുകളിലും ഒരേപോലെയാണ് പാടുകള്‍. ലാത്തിപോലെ ഉരുണ്ട എന്തോ വസ്തുകൊണ്ടുള്ള ഉരുട്ടല്‍ ആണ് ഇത്തരം അടയാളങ്ങള്‍ ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭാഗത്തെ പേശികള്‍ പൂര്‍ണ്ണമായും ചതഞ്ഞരഞ്ഞ നിലയിലാണ്. ആറാം തീയതി രാത്രി എട്ടരക്ക് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്തിനെ ഒമ്പതിന് രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ ദിവസങ്ങളില്‍ നടന്ന മര്‍ദ്ദനമാണിതെന്ന സൂചനയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
വൃഷ്ണത്തില്‍ വലിയ തോതില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ലോക്കപ്പിലെ ക്രൂരമായ മര്‍ദ്ദനത്തിന്റെ ലക്ഷണങ്ങളാണ് ഇവയെന്നും അന്വേഷണ സംഘം പറയുന്നു. മരണകാരണം തുടയിലെ പരുക്കല്ല. വയറിനേറ്റ ശക്തമായ ക്ഷതമാണ്. ചെറുകുടല്‍ മുറിഞ്ഞ് ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തുവന്നതാണ് മരണകാരണം.
വീട് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് വാസുദേവന്‍ എന്നയാള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ശ്രീജിത്ത്. ഇയാള്‍ക്കു മാത്രമല്ല മര്‍ദ്ദനമേറ്റതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
Be the first to write a comment.