പയ്യന്നൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ മൂന്ന് വയസ് പ്രായംവരുന്ന കുട്ടിയെ നിശ്ചലദൃശ്യത്തിനായി കെട്ടിയിട്ടത് മണിക്കൂറുകള്‍. പയ്യന്നൂരില്‍ നടന്ന ഘോഷയാത്രയിലായിരുന്നു ഇത്തരത്തിലൊരു കാഴ്ച. ആലിലയില്‍ കിടക്കുന്ന കണ്ണനാക്കാനാണ് കുട്ടിയെ കെട്ടിയിട്ടത്. പയ്യന്നൂരില്‍ കണ്ട ശോഭായാത്രയില്‍ നിന്നുള്ള ഒരു കാഴ്ച്ചയെന്ന് പറഞ്ഞുകൊണ്ട് ശ്രീകാന്ത് ഉഷ പ്രഭാകരന്‍ എന്ന വ്യക്തിയാണ് ഇക്കാര്യം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇത്തരത്തിലൊരു ക്രൂരത ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കുട്ടിക്ക് പരാതിയുണ്ടോ എന്നായിരുന്നു മറുചോദ്യമെന്നും ശ്രീകാന്ത് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് പയ്യന്നൂരില്‍ കണ്ട ശോഭായാത്രയില്‍ നിന്നുള്ള ഒരു കാഴ്ച്ചയാണിത്.
ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടിയില്‍ 3 മണിയോടെ വിവിധ കോലങ്ങള്‍ കെട്ടിച്ചുള്ള കുട്ടികളെയും വഹിച്ചുള്ള വാഹനങ്ങള്‍ എത്തിച്ചേരുകയുണ്ടായി.ആ വാഹനങ്ങളില്‍ ഒന്നില്‍ കണ്ട ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണ കഥാപാത്രത്തിന്റെ ഒരു നിശ്ചലദൃശ്യമാണു ചിത്രത്തില്‍.
നല്ല വെയില്‍ ഉണ്ടായിരുന്ന ഈ സമയത്ത് മണിക്കൂറോളം ഈ വേഷങ്ങള്‍ കെട്ടേണ്ടിവന്ന കുട്ടികള്‍ വെയിലില്‍ നില്‍ക്കേണ്ടതായി വന്നു.
ആലിലയില്‍ കണ്ണും പൂട്ടി തളര്‍ന്നിരുന്ന കുട്ടിയെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ കരുതി വല്ല പ്രതിമയുമായിരിക്കുമെന്ന്.പിന്നീടാണു കുട്ടി കൈ കാലുകള്‍ ചലിപ്പിക്കുന്നതായി കണ്ടത്.കുട്ടിയുടെ അരഭാഗം ഇലയില്‍ ബന്ധിപ്പിച്ചിരിക്കുന്നതായി തോന്നുന്നു.
കുട്ടി വെയില്‍ ഏല്‍ക്കാതിരിക്കാന്‍ കണ്ണും അടച്ച് തലചെരിച്ചു കിടക്കുന്ന രൂപം ക്രൂശിതനായ യേശുവിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണു.

3 വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കാത്ത ഈ കുരുന്നിന്റെ അവസ്ഥ കണ്ട് ഞാന്‍ ചെയില്‍ഡ് ലൈന്റെ സഹായ നമ്പറായ 1098 ല്‍ വിളിച്ചു.ആദ്യം സംസാരിച്ച വ്യക്തി പറഞ്ഞത് – ‘ കുട്ടിക്കു വല്ല കംപ്ലയിന്റും ഉണ്ടോ ?
രക്ഷിതാവിനു കംപ്ലയിന്റുണ്ടോ ?
അനുമതി വാങ്ങിയാണു ആള്‍ക്കാര്‍ പരിപാടികള്‍ നടത്തുന്നത് എന്നിങ്ങനെയാണു.
തുടര്‍ന്ന് കുറേ സംസാരങ്ങള്‍ക്കു ശേഷം കണ്ണൂര്‍ ചെയില്‍ഡ് ലൈനില്‍ കാള്‍ ട്രാന്‍സ്ഫര്‍ ചെയ്തു തന്നു.തുടര്‍ന്ന് മൂന്നോളം ഫോണ്‍ കൈമാറ്റത്തിനു ശേഷം പയ്യന്നൂരില്‍ ഉള്ള ചെയില്‍ഡ് ലൈന്‍ ചുമതലയുള്ള ഉദ്ദ്യോഗസ്ഥയോട് സംസാരിക്കാന്‍ പറ്റി.
അവരോട് സ്ഥലം സന്ദര്‍ശിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് അത് ഞങ്ങളുടെ കടമയല്ല,ബന്ധപ്പെട്ടവരെ അറീക്കുകമാത്രമാണു ഞങ്ങള്‍ ചെയ്യുന്നത് എന്നാണു.എങ്കില്‍ ശരി നല്ല നമസ്‌കാരം എന്നു പറഞ്ഞ് ഞാന്‍ ഫോണും കട്ട് ചെയ്തു.
കുറച്ച് കഴിഞ്ഞ് ഒരു മഹാന്‍ വിളിച്ച് എന്റെ പരാതി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നറീച്ചു.
…പയ്യന്നൂര്‍ എസ് ഐ അടക്കമുള്ളവര്‍ സ്ഥലത്തു തന്നെ ഉണ്ടായിരുന്നു…??
ബ്രാഹ്മണിക്കല്‍ ഹിന്ദുത്വബോധം നമ്മുടെ രക്ഷിതാക്കളെ അന്ധരാക്കുന്നു.കുട്ടികളുടെ പീഡകയാണവര്‍.ഫാസിസത്തിന്റെ എക്കാലത്തെയും വലിയ ഇരകള്‍ കുട്ടികള്‍…
രണ്ടോ മൂന്നോ വയസ്സു പ്രായമുള്ള കുട്ടികളെ കൊണ്ട് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ എന്തൊക്കെ തോന്ന്യവാസങ്ങളാണു ഈ കഴുതകള്‍ കാട്ടുന്നത്.എത്ര മനുഷ്യത്വ വിരുദ്ധമായാണു നമ്മുടെ കുഞ്ഞുങ്ങളോട് ഈ രക്തദാഹികള്‍ പെരുമാറുന്നത്.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുണ്ടാക്കിയ സംവിധാനങ്ങള്‍ പേടിച്ച് ഓച്ചാനിച്ചു നില്‍ക്കെണ്ടതായി വരുന്നു. ഇതാണു മനുഷ്യാവകാശം. ഇതാണു ജനാധിപത്യം.