ന്യൂഡല്‍ഹി: 20 സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത കാറ്റിനും ഇടിയോടും മിന്നലോടും കൂടിയ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും മഴക്ക് സാധ്യതയുള്ളത്. ഒഡീഷ്യ, ജാര്‍ഖണ്ഡ്, ബീഹാര്‍, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര, പഞ്ചാബ്, ജമ്മു കശ്മീര്‍ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹരിയാനയില്‍ കനത്ത മഴക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അപകടമുണ്ടായാല്‍ മറികടക്കാന്‍ സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.